ആലപ്പുഴ: സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ തന്റെ പേര് വന്നതിനെക്കുറിച്ച് അറിയില്ലെന്ന് ജി.സുധാകരൻ എംഎൽഎ. തന്റെ പേര് ആരോ എഴുതി ചേർത്തതായിരിക്കാമെന്നും സുധാകരൻ പറഞ്ഞു. ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയവരുടെ പട്ടികയെന്ന് ആരോപിച്ച് ഷോൺ ജോർജ് പുറത്തുവിട്ട രേഖയിൽ ജി.സുധാകരന്റെ പേരുമുണ്ടായിരുന്നു.
ഷോൺ ജോർജ് എന്താണ് ധരിച്ചിരിക്കുന്നത്?. പി.സി.ജോർജ് പോലും തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഷോൺ ജോർജ് കുറച്ച് ഓവറാണ്. കർത്ത പാർട്ടിക്ക് പണം നൽകാമെന്ന് പറഞ്ഞപ്പോൾ താൻ അതിനെ താൻ എതിർത്തിരുന്നു. കേസിന്റെ പ്രാധാന്യം ഇല്ലാതാക്കുന്നതിനായി അനാവശ്യ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയതാകാം.
തന്റെ പേര് വന്നതിന്റെ പേരിൽ മാനനഷ്ടക്കേസ് നൽകാൻ ഉദ്ദേശിക്കുന്നില്ല. മാനം ഉള്ളവർ ഇതൊന്നും പറയില്ലല്ലോയെന്നും സുധാകരൻ പറഞ്ഞു. ഷോൺ ജോർജിനെതിരെയും സുധാകരൻ പരിഹാസമുന്നയിച്ചു. എന്തായാലും ഷോൺ ജോർജിന്റെ പേര് ലിസ്റ്റിൽ ഇല്ലല്ലോ, അതു മതിയെന്നും അദ്ദേഹം പറഞ്ഞു.
ഷോൺ ജോർജിന് തന്റെ പേര് എവിടെനിന്നാണ് ലഭിച്ചതെന്നും സുധാകരൻ ചോദിച്ചു. ആ ചെറുപ്പക്കാരൻ ഇത്തിരി ഓവറാണ്. അയാൾ പറയുന്നതിൽ കുറച്ചൊക്കെ ശരിയാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. ജനങ്ങളുടെ മുന്നിൽ സജീവമായി നിൽക്കാൻ ഇത്തരം പരാമർശങ്ങൾ നടത്തുന്ന ചിലരുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.